കൊയിലാണ്ടി: യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധങ്ങളും വകവെക്കാതെ തിക്കോടിയില്‍ വീണ്ടും സ്വകാര്യ ബസ് യാത്രക്കാരെ ഹൈവെയിൽ ഇറക്കിവിട്ടു.
കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന പടന്നയില്‍ ബസാണ് രണ്ട് സ്ത്രീകളെയും പുരുഷനെയും തിക്കോടി ടൗണില്‍ ഹൈവെയിൽ ഇറക്കിയത്.ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.
കൊയിലാണ്ടിയില്‍ നിന്നും തിക്കോടിയിലേക്ക് ടിക്കറ്റെടുത്തതായിരുന്നു മൂന്നുപേരും. പൊരിവെയിലില്‍ ദേശീയപാതയില്‍ ഇറക്കവിട്ടതോടെ ഇവര്‍ താഴെ ഇറങ്ങാന്‍ ഒരു കിലോമീറ്ററോളം നടന്ന് തിക്കോടി പഞ്ചായത്ത് ബസാര്‍ ഭാഗത്തേക്ക് പോകേണ്ടിവന്നു.
ആറുവരിപ്പാതയിലെ സര്‍വിസ് റോഡിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി സ്റ്റേജ് കാര്യേജ് ബസുകള്‍ സര്‍വിസ് നടത്തരുതെന്ന് മോട്ടോര്‍വാഹന വകുപ്പ് കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. എന്നിട്ടും തിക്കോടി ഭാഗത്ത് ബസുകള്‍ സ്റ്റോപ്പുകള്‍ ഒഴിവാക്കി ഉയരപ്പാതയിലൂടെ സര്‍വിസ് നടത്തുന്നത് പതിവാണ്. കഴിഞ്ഞദിവസം ഇത്തരത്തില്‍ യാത്രക്കാരെ ഹൈവേയില്‍ ഇറക്കിവിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിക്കുകയും ബസ് ഒരു കിലോമീറ്ററോളം പിന്നോട്ടെടുത്ത് യാത്രക്കാരെ സ്റ്റോപ്പില്‍ ഇറക്കേണ്ടിവരികയും ചെയ്തിരുന്നു.
ആറുവരിപ്പാതയില്‍ ഒരിടത്തും വാഹനങ്ങള്‍ നിര്‍ത്തിയിടാനോ ആളുകളെ ഇറക്കാനോ അനുമതിയില്ലെന്നിരിക്കെയാണ് സ്വകാര്യ ബസുകള്‍ യാത്രക്കാരെ ഹൈവേയില്‍ ഇറക്കിവിടുന്നത്.എന്നാൽ ഇന്നലത്തെ സംഭവത്തില്‍ പരാതി ഇല്ലാത്തതിനാൽ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.
മുന്‍പ് സ്ത്രീ യാത്രക്കാരിയെ ഹൈവേയില്‍ ഇറക്കി വിട്ട സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഏഴായിരം രൂപ പിഴ അടപ്പിക്കുകയും ചെയ്തിരുന്നു.